ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് നവംബര്‍ 1~ന് ഫെഷന്‍ഹൈം സാല്ബൗവുവില് വെച്ച് കേരളപ്പിറവി ദിനം സവിശേഷമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സംഗമം പ്രവാസി മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സമാപിച്ചത്.
സമാജം പ്രസിഡന്റ് ഡിപിന് പോള്‍ സ്വാഗത ആശംസിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തില്‍ മലയാള സാഹിത്യത്തോടുള്ള അഭിരുചി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനായി കേരള സമാജത്തിന് ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ചും ഡിപിന് വിശദീകരിച്ചു. സമാജം സെക്രട്ടറി ഹരീഷ് പിള്ള കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. സാഹിത്യസംഗമത്തില്‍ എത്തിച്ചേര്‍ന്നവരുടെ പരസ്പരം പരിചയപ്പെടലിനു ശേഷം സമാജം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പരിപാടികള്‍ ഭംഗിയായി മോഡറേറ്റ് ചെയ്തു. സമാജം കമ്മിറ്റിയംഗങ്ങളെല്ലാം പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
സജീവമായ ചര്‍ച്ചകളും സാഹിത്യ പങ്കുവെയ്പ്പുകളും:
ചടങ്ങില്‍ കവിയും എഴുത്തുകാരനും സമാജം മുന്‍ പ്രസിഡന്റുമായ ജോസ്കുമാര്‍ ചോലങ്കേരി സ്വന്തമായി രചിച്ച കവിതയും കേരളപ്പിറവിയെക്കുറിച്ചുള്ള രചനയും അവതരിപ്പിച്ചത് ഏറെ ആസ്വാദ്യശരമായി. മലയാളത്തിന്റെ പ്രശസ്തരായ സാഹിത്യകാരന്മാരായ എം.ടി., ഒ.എന്‍.വി., സച്ചിദാനന്ദന്, സക്കറിയ തുടങ്ങിയ പ്രമുഖരോടൊത്തുള്ള തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഇപ്പോഴും എഴുതുവാന്‍ സാധിക്കുന്നതിലും, കേരളത്തിലെ സമകാലിക എഴുത്തുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലുമുള്ള സന്തോഷവും സംതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി.
തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ആന്റണി തേവര്‍പാടം, മലയാള ഭാഷ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വായനശീലത്തിന്റെ പ്രസക്തിയെക്കുറിച്ചും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ചു. കൂടാതെ മലയാള ഭാഷയെ ആസ്പദമാക്കിയുള്ള പ്രശസ്തമായ നിരവധി ഗാനങ്ങളും അദ്ദേഹം ആലപിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ മലയാളികള്‍ക്കായി സാഹിത്യ സംഗമങ്ങളും കുട്ടികള്‍ക്കായി ചെറുകഥാ രചനകളും സംഘടിപ്പിക്കുന്നത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് സമാജം അംഗങ്ങളായ സുദീപ്, സുവര്‍ണ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കമ്മിറ്റി അംഗങ്ങളായ ഡിപിന് പോള്‍, ഹരിഷ് പിള്ള, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള ഭാഷ ഔദ്യോഗികമായും അല്ലാതെയുമുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടി വരുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന്റെ ഭാഗമായി എല്ലാവരും ചേര്‍ന്ന് മലയാള ഭാഷാവ്യാകരണത്തിലെ വിവിധ വൃത്തങ്ങളുടെയും അലങ്കാരങ്ങളുടെയും ലക്ഷണങ്ങള്‍ ഓര്‍ത്തെടുത്ത് പാടിയത് അത്യന്തം രസകരമായി. ജര്‍മ്മനിയില്‍ ജനിച്ചുവളര്‍ന്ന ഇളയ തലമുറയിലെ കുട്ടികള്‍ക്ക് ഇതൊരു തികച്ചും വേറിട്ട അനുഭവമായിരുന്നു.
തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ ഭാവിയിലും കൂടുതല്‍ സാഹിത്യ സംഗമങ്ങളും, കവിതാ പാരായണങ്ങളും, ചെറുകഥാ മത്സരങ്ങളും പൊതുചര്‍ച്ചകളും സംഘടിപ്പിക്കുന്നത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. കൂടാതെ, പുസ്തക കൈമാറ്റത്തിനായി ഒരു സംവിധാനം ഒരുക്കുകയാണെങ്കില്‍ അത് വായനാശീലത്തിന് വലിയൊരു ഉത്തേജകമാകുമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
സമാജം സെക്രട്ടറി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന സ്നേഹസമ്മേളനത്തിനും ചായസല്‍ക്കാരത്തിനും ശേഷം അഞ്ചു മണിയോടുകൂടി കേരളപ്പിറവി ആഘോഷങ്ങളും സാഹിത്യ സംഗമവും മധുരസ്മരണയോടെ പര്യവസാനിച്ചു.

Comments: